This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യൂറി, ഴാങ് ഫ്രെഡറിക് ഷോലിയോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യൂറി, ഴാങ് ഫ്രെഡറിക് ഷോലിയോ

Curie, Jean Frederic Joliot (1900 - 58)

ഴാങ് ഫ്രെഡറിക് ഷോലിയോ ക്യൂറി

നോബല്‍ സമ്മാന ജേതാവായ (1935) ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞന്‍. കൃത്രിമ റേഡിയോ ആക്റ്റിവതയുടെ കണ്ടുപിടുത്തത്തിന് ഭാര്യ ഇറേന്‍ ക്യൂറിയുമൊത്ത് നോബല്‍സമ്മാനം പങ്കിട്ടു.

1900 മാ. 19-ന് പാരിസില്‍ ജനിച്ചു. മേരിക്യൂറി സ്ഥാപിച്ച റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പൊളോണിയത്തിന്റെ വൈദ്യുത-രാസഗുണങ്ങളെക്കുറിച്ചുള്ള ഗവേഷണപഠനങ്ങള്‍ക്ക് 1930-ല്‍ പിഎച്ച്.ഡി. ബിരുദം നേടി. 1926-ല്‍ മേരിക്യൂറിയുടെ പുത്രി ഇറേന്‍ക്യൂറിയുമായുള്ള വിവാഹത്തോടെ ഷോലിയൊ ക്യൂറി എന്ന പേരു സ്വീകരിക്കുകയും ഇരുവരും ഒരുമിച്ച് ഗവേഷണം തുടരുകയും ചെയ്തു. പാരീസില്‍ സയന്‍സ് ഫാക്കല്‍റ്റിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇറേന്‍ ക്യൂറിയുമൊത്ത് അറ്റോമികഘടന സംബന്ധിച്ചും കൃത്രിമ റേഡീയോ ആക്റ്റീവത സംബന്ധിച്ചും പഠനങ്ങള്‍ നടത്തി. ബോറോണ്‍, അലുമിനിയം, മഗ്നീഷ്യം എന്നിവയുടെ അറ്റോമികകേന്ദ്രത്തിലേയ്ക്കു ആല്‍ഫാകണങ്ങള്‍ പായിച്ച് പരീക്ഷണങ്ങള്‍ നടത്തി N13, P30, S27, Al28 എന്നീ റേഡിയോ ആക്ടീവ് ഐസോട്ടോപ്പുകള്‍ നിര്‍മിക്കാന്‍ സാധിച്ചു. കൃത്രിമ മൂലകാന്തരണം (transmutation) വഴി ലഭിച്ച ഈ ഐസോട്ടോപ്പുകളില്‍ ചിലവ ബീറ്റാവികിരണം നടത്തുന്നവയായിരുന്നു. ഈ പഠനങ്ങള്‍ക്കാണ് ഫെഡ്രറിക്-ഇറേന്‍   ദമ്പതികള്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചത്.

1946-50 കാലത്ത് അറ്റോമിക് എനര്‍ജി കമ്മിഷന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ച ഇദ്ദേഹം ഫ്രാന്‍സിന്റെ പ്രാഥമിക അറ്റോമിക് റിയാക്ടറിന്റെ നിര്‍മിതിക്കു നേതൃത്വം നല്കി. ന്യൂക്ലിയര്‍ ഭൗതികശാഖയ്ക്കായി ഒരു പ്രത്യേക റിസര്‍ച്ച് സെന്ററും ഇദ്ദേഹം തുടങ്ങുകയുണ്ടായി. യുറേനിയം ഉപയോഗിച്ച് ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു ഘന ജല റിയാക്ടറാണ് നിര്‍മിച്ചത്. 1956 മുതല്‍ റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനായും ഓര്‍സെ (orsay)യിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ ഫിസിക്സിന്റെ ഡയറക്ടറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു.

നാസി ആക്രമണസമയത്ത് പ്രതിരോധ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ ഫ്രെഡറിക് മുന്‍നിരയിലുണ്ടായിരുന്നു. ഇക്കാലത്ത് ശാസ്ത്രരേഖകള്‍ ജര്‍മന്‍കാര്‍ കൈവശപ്പെടുത്താതിരിക്കാന്‍ വേണ്ടി അവ ഇംഗ്ലണ്ടിലേയ്ക്കു കടത്തുകയുണ്ടായി.

പൊതുരംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഷോലിയോക്യൂറി സോഷ്യലിസ്റ്റ് പാര്‍ട്ടി, ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പാരിസ് അക്കാദമി ഒഫ് സയന്‍സസ്, അക്കാദമി ഒഫ് സയന്‍സസ് ഒഫ് ദ യു.എസ്.എസ്.ആര്‍ എന്നിവയില്‍ അംഗം, വേള്‍ഡ് ഫെഡറേഷന്‍ ഒഫ് സയന്റിഫിക് വര്‍ക്കേഴ്സിന്റെ പ്രസിഡന്റ്, വേള്‍ഡ് പീസ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകസമാധാന പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഇദ്ദേഹം 1951-ല്‍ സമാധാനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്റര്‍നാഷണല്‍ ലെനിന്‍ പ്രൈസിന് അര്‍ഹനായി.

1958 ആഗ. 14-ന് പാരിസില്‍ ഫ്രെഡറിക് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍